മലയാളം->
കല, സംസ്കാരം
->
പൂര്‍ണവാര്‍ത്ത
|
വിദ്യാര്‍ഥികള്‍ നിഷേധാത്മകത്വം വെടിയണം: പത്മ സുബ്രഹ്മണ്യം
കൊച്ചി: നിഷേധാത്മക നിലപാടുകള്‍ കൈവെടിയാനും ക്രിയാത്മകമായ പിന്തുണയും പ്രവൃത്തിയും കൈക്കൊള്ളാനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് പ്രശസ്ത നര്‍ത്തകി പത്മശ്രീ പത്മ സുബ്രഹ്മണ്യം പറഞ്ഞു.
 |
| എംജി സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം എറണാകുളം മഹാരാജാസ് കോളജില്‍ പത്മശ്രീ പത്മ സുബ്രഹ്മണ്യം നിര്‍വഹിക്കുന്നു. |
പ്രതികരണത്തിന് കലയെ മാധ്യമമാക്കണം. അക്രമസമരമുറകള്‍ വെടിഞ്ഞ് നന്നായി പാടിയും ഒരുമയോടെ നൃത്തം ചെയ്തും സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളജില്‍ മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പത്മ സുബ്രഹ്മണ്യം.
തങ്ങളുടെ മുത്തഛന്‍മാര്‍ പ്രാകൃതരും മാതാപിതാക്കള്‍ വിഡ്ഢികളുമാണെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും ധാരണ. തങ്ങള്‍ മാത്രമാണ് ബുദ്ധിശാലികളെന്ന് അവര്‍ കരുതുന്നു. പിതാക്കന്മാരുടെയും പ്രപിതാക്കളുടെയും തലമുറയിലെ മൂല്യങ്ങള്‍ തിരിച്ചറിയാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണം.
അമേരിക്ക നിരാകരിച്ച പാശ്ചാത്യശൈലികള്‍ ഏറ്റുവാങ്ങുന്ന ശീലം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു. നമ്മുടെ പൈതൃകവും മഹത്തരമാണ്. പൗരസ്ത്യമൂല്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും പത്മ സുബ്രഹ്മണ്യം പറഞ്ഞു.
ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രനേട്ടങ്ങള്‍ക്ക് ഗുണവും ദോഷവുമുണ്ട്. ഗുണത്തെ സ്വീകരിക്കാനും ദോഷങ്ങളെ പുറന്തള്ളാനും കഴിയണമെന്നും അവര്‍ നിര്‍ദേശിച്ചു.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ ബി.സേതുരാജ് അധ്യക്ഷനായിരുന്നു.
എംജി സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം എറണാകുളം മഹാരാജാസ് കോളജില്‍ പത്മശ്രീ പത്മ സുബ്രഹ്മണ്യം നിര്‍വഹിക്കുന്നു.
|
|
|
|
|