മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
സ്നേഹത്തിന്റെ ആത്മാവു തേടിയ കഥാകാരി..
സരിത പി.വി.
ജനവരി 14, 2005
അപൂര്‍ണമായൊരു കഥ പോലെ ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ച് കാലയവനികക്കപ്പുറത്തെങ്ങോ മറഞ്ഞുപോയ ഒരു കഥാകാരിയുണ്ട്; രാജലക്ഷ്മി. സ്വയം സൃഷ്ടിച്ച നെരിപ്പോടുകളില്‍ നിന്നും കഥാതന്തുക്കള്‍ മെനഞ്ഞു ചേര്‍ത്ത അവരുടെ 40-ാം ചരമവാര്‍ഷികമാണ് 2005 ജനുവരി 18ന്.
1930 ജൂണ്‍ രണ്ടിന് പാലക്കാട് ചെര്‍പ്പുളശേരിയിലെ തേക്കത്ത് ആമയങ്കോട് തറവാട്ടില്‍ മാരാത്ത് അച്യുതമേനോന്റെയും കുട്ടിമാളുവമ്മയുടെയും മകളായി ജനിച്ച രാജലക്ഷ്മി ബനാറസ് ഹിന്ദു കോളജില്‍ നിന്നും എംഎസ്സി ബിരുദം നേടി. പിന്നീട് പന്തളത്തും ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലും അധ്യാപികയായി.
1956ല്‍ പ്രസിദ്ധീകരിച്ച 'മകള്‍' എന്ന ചെറുകഥയാണ് രാജലക്ഷ്മിയെന്ന എഴുത്തുകാരിയെ ജനമധ്യത്തിലെത്തിച്ചത്.
സ്നേഹത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയാണ് ഇവരുടെ നോവലിന്റെ മുഖമുദ്രയെന്നു പറയാം. സ്ത്രീകളുടെ ഹൃദയഭാവങ്ങളുടെ സര്‍ഗാവിഷ്കാരമാണ് ഇവരുടെ രചനകളില്‍ ജ്വലിച്ചുനിന്നത്. ദു:ഖങ്ങളുടെ കവിതകള്‍ മാത്രമാണ് നല്ലതെന്ന നിര്‍വചനവും 'ഒരു വഴി'യില്‍ ഇവര്‍ കുറിച്ചിട്ടുണ്ട്.
ലളിതമായ ഭാഷയായിരുന്നു രാജലക്ഷ്മിയുടെ ഏറ്റവും വലിയ ശക്തി. തികച്ചും ഗ്രാമ്യവചനങ്ങള്‍ ഉള്‍പ്പെടുത്തുന്ന ആ ഭാഷ മനസിലാക്കാന്‍ ഏറെ സാഹിത്യവിജ്ഞാനമൊന്നും വേണ്ടിവരില്ല. മരിച്ചു 40 വര്‍ഷം പിന്നിട്ടിട്ടും അവരുടെ നോവലിന് ഇന്നും ആസ്വാദകരുള്ളതും ഇതുകൊണ്ടുതന്നെയാകും.
രാജലക്ഷ്മിയുടെ 'ഒരു വഴിയും കുറെ നിഴലുകളും' 60കളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലായിരുന്നു. തീവ്രമായ ആത്മസംഘര്‍ഷങ്ങള്‍ ജീവസുറ്റ കഥാപാത്രങ്ങളായി നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തുന്ന ഈ നോവലിന് 1960ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. വിലക്കുകള്‍ ജീവിതത്തിനു മുന്നില്‍ വിലങ്ങുതടിയായപ്പോള്‍ ആ വിലക്കുകളെ മറി കടക്കാന്‍ ധൈര്യം കാണിച്ച മണിയെന്ന കഥാപാത്രമാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു.
താന്‍ പറയാനും പ്രവര്‍ത്തിക്കാനുമാഗ്രഹിച്ച കാര്യങ്ങള്‍ മണിയെന്ന കഥാപാത്രത്തിലൂടെ രാജലക്ഷ്മി വ്യക്തമാക്കുന്നു. ദുരിതങ്ങള്‍ക്കു മുന്നില്‍ നിസഹായരാകുന്ന കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്.
ഞാനെന്ന ഭാവം, ഉച്ചവെയിലും നിലാവും എന്നിവ രാജലക്ഷ്മിയുടെ മറ്റു നോവലുകളാണ്. കുമിളകള്‍ എന്ന കവിതാസമാഹാരവും രാജലക്ഷ്മിയുടേതായിട്ടുണ്ട്.
ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിലെ മുഖ്യകഥാപാത്രമായ മണിയെപ്പോയെ പിടിതരാത്ത, ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു രാജലക്ഷ്മിയുടേതും. 35-ാം വയസില്‍ ദുരൂഹതകള്‍ ഏറെയവശേഷിപ്പിച്ച് ആത്മഹത്യയിലൂടെ ഇവര്‍സാഹിത്യസപര്യ ബാക്കിയാക്കി കടന്നു പോയി; നിലാവിന്റെ കൈവഴികളിലെങ്ങോ സാന്ത്വനത്തിനു കൊതിക്കുന്ന ഒരാത്മാവായ്.
സാഹിത്യത്തെ സ്നേഹിക്കുന്ന മുന്‍തലമുറയിലെ ചിലരുടെ ഉള്ളിലെങ്കിലും ചെറിയൊരു നൊമ്പരമായി രാജലക്ഷ്മി ഇപ്പോഴും ജീവിക്കുന്നുണ്ടാകും.
|
|
|
|
|