[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

'പത്മഭൂ'ഷിതനായി എം.ടി
സരിത പി.വി
ജനവരി 31, 2005

എഴുത്തിന്റെ ആത്മാവിനെ തൂലികത്തുമ്പിലേക്കാവാഹിച്ച് ഭാവനയുടെ ചിറകുകള്‍ നല്‍കിയ മലയാളത്തിന്റെ സുകൃതത്തിന് പത്മഭൂഷണ്‍. ജ്ഞാനപീഠമടക്കമുള്ള ബഹുമതികള്‍ നേടിയ എംടിയെ തേടി ഒരുപഹാരം കൂടിയെത്തുമ്പോള്‍ ആദരിക്കപ്പെടുന്നത് മലയാള സാഹിത്യം തന്നെയാണ്.

M. T. Vasudevan Nair കഥകളിലൂടെ നമ്മുടെയൊക്കെ മനസപഹരിച്ച, നമ്മുടെയുള്ളില്‍ ഒരു സൗമ്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന നിളയുടെ ഈ കഥാകാരനെ ഓര്‍ക്കാന്‍ ബഹുമതികളുടെ മേല്‍വിലാസം ആവശ്യമില്ല.

എം.ടി എന്ന എഴുത്തുകാരനില്‍ നിന്നും മാറ്റിനിര്‍ത്താനാവാത്ത രണ്ടു ഘടകങ്ങളുണ്ട്. നിളാനദിയും എം.ടിയുടെ ജന്മഗ്രാമമായ പാലക്കാട്ടെ കൂടല്ലൂരും. നിളയുടെ ശാന്തതയെ, താരാട്ടിനെ തന്റെ രചനകളുടെ കൊട്ടത്തളമാക്കിമാറ്റിയ എം.ടി നിളയുടെ ആത്മാവു തന്നെയാണ്. നിളയും എം.ടിയുമായി അമ്മയും കുഞ്ഞും പോലുള്ള ബന്ധമാണ്. എം.ടിയും നിളയും പരസ്പരപൂരകങ്ങളായി മാറുന്നതു അതുകൊണ്ടുതന്നെ.

നിളയെപ്പോലെ തന്നെ കൂടല്ലൂരും എം.ടിയുടെ സര്‍ഗഭാവനയ്ക്ക് ഏറെ വളം നല്‍കിയിട്ടിട്ടുണ്ട്. തന്റെ നോവലിലെ പല കഥാപാത്രങ്ങളും കൂടല്ലൂരില്‍ തന്നെ ജീവിക്കുന്നവരും മരിച്ചവരുമായി കഥാപാത്രങ്ങളാണെന്ന് എം.ടി പറഞ്ഞിട്ടുമുണ്ട്. തന്റെ നാടിനെ 'അമരന്മാരുടെ നാട്' എന്ന് അദ്ദേഹമൊരിക്കല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു താന്‍ കണ്ട പലരും ഇത്രയും കാലം കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്.

എം.ടി നൈനിത്താളിലും വാരാണസിയിലും ഇതിഹാസത്തിലെ ഹസ്തിനപുരിയിലുമെല്ലാം വിളയിച്ചത് കൂടല്ലൂരിലെ യാഥാര്‍ത്ഥ്യങ്ങളാണ്. നന്മ മാത്രമല്ലാ, 'അസുരവിത്തു'ക്കളും എം.ടിയുടെ കഥാപാത്രങ്ങളായതില്‍ അതുകൊണ്ടുതന്നെ യാദൃഛികതയുമില്ല. അദ്ദേഹത്തിന്റെ രചനകളിലെ സാന്നിധ്യമായ തെക്കേപ്പാട്ടു തറവാടും കൊടിക്കുന്നത്തമ്മയും മുത്തുവിളയും പൂമാന്‍തോടുമെല്ലാം ഇവിടെത്തന്നെയാണ്. എം.ടി ഒരിക്കല്‍ ഏതോ പത്രത്താളില്‍ കുറിച്ചിരുന്നു; ഭ്രാന്തന്‍ വേലായുധനും പകിടകളിക്കാരന്‍ കോന്തുണ്ണിനായരും കാതുമുറിച്ച മീനാക്ഷിയേടത്തിയും സങ്കല്‍പമല്ലാ, യഥാര്‍ത്ഥമാണെന്ന്.

പച്ചയായ മനുഷ്യനെ, മനുഷ്യന്റെ പച്ചയായ വികാരങ്ങളെ കൃത്രിമമില്ലാതെ, തന്മയത്വത്തോടെ കേരളത്തിനു പകര്‍ന്നു നല്‍കിയ എം.ടിയെ സമൂഹമാരാധിച്ചു. സാഹിത്യത്തിന്റെ ഉത്തുംഗങ്ങളിലെത്തിയിട്ടും ഉളളിലെവിടെയോ ഏകാന്തതയെ കൂട്ടുപിടിച്ചിരിക്കുന്ന, നിര്‍വചിക്കാനാവാത്ത അനാഥത്വത്തിന്റെ അസ്വസ്ഥതകള്‍ ചുമക്കുന്നു ഈ മനുഷ്യന്‍.

ഗ്രാമമെന്ന സങ്കല്‍പത്തിലേക്കു വരുന്നവര്‍ക്ക് എം.ടിയെന്ന മനുഷ്യന്‍ വളരെയടുത്താണെന്നു തോന്നും. ഗ്രാമത്തില്‍ നിന്നകന്നു പോകുന്ന ഓര്‍മകളായും ഗ്രാമത്തിലേക്കു തിരിച്ചു വരുന്ന ഓര്‍മകളായും എം.ടിയുടെ സര്‍ഗവേദന അതിന്റെ പരിപൂര്‍ണത നേടിയിട്ടുണ്ട്. ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മകള്‍ എം.ടിക്കൊപ്പം എപ്പോഴുമുണ്ട്; നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്ന ഒരു ആകാശച്ചെരുവു പോലെ. ഗ്രാമമെപ്പോഴും നന്മകളാല്‍ സമൃദ്ധമായിരുന്നില്ലാ, എം.ടിക്ക്. കേവലമായ ഗൃഹാതുരതയും കാല്‍പനികതയും സ്വഛന്ദതാളവും മാത്രമല്ലായിരുന്നു. സ്വാര്‍ത്ഥതയും വഞ്ചനയും ആധിപത്യവും കൂടിയായിരുന്നു.

എം.ടിയുടെ ആത്മാംശം ഏറെ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു നാലുകെട്ടിലെ അപ്പുണ്ണി. തന്റെ ഉള്ളിലെ തീവ്രമായ നോവുകള്‍ അപ്പുണ്ണിയിലൂടെ എം.ടി വെളിപ്പെടുത്തി.

നൊമ്പരം നിറഞ്ഞ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞാടിയ കളമായിരുന്നു എം.ടിയുടെ കൃതികള്‍. സ്വയം സൃഷ്ടിച്ച വേദനയുടെ പുകമറയില്‍ ചുട്ടെരിയുന്ന കഥാപാത്രങ്ങളായിരുന്നു എം.ടിയുടെ കൂട്ടുകാര്‍. അനാഥത്വവും ഏകാന്തതയും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രകളായി. അസ്വസ്ഥരായ ഒരുപാടു കഥാപാത്രങ്ങള്‍ എം.ടിയുടെ തൂലികത്തുമ്പിലൂടെ മലയാളികളുടെ മധ്യത്തിലേക്കു നടന്നു ചെന്നു. ഈ സമൂഹത്തിന്റെ പ്രതിരൂപങ്ങളായി അവരെ സാഹിത്യാസ്വാദകര്‍ നിറഞ്ഞ മനസാലെ സ്വീകരിച്ചു.

M. T. Vasudevan Nair ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും ഓപ്പോളിലെ ഓപ്പോളും കുട്ട്യേടത്തിയും മഞ്ഞിലെ വിമലയും ഇന്നും നമ്മുടെ ഉള്ളില്‍ ജീവിക്കുന്നവരാണ്. ഏകാന്തതയുടെ നടവഴികളില്‍ നിശബ്ദമായി വിതുമ്പുന്ന ഈ കഥാപാത്രങ്ങള്‍ നമ്മുടെ മനസിന്റെ ഏതൊക്കെയോ കോണുകളില്‍ മുറിപ്പാടുകളുണ്ടാക്കി.

അപൂര്‍ണതയിലെ പൂര്‍ണത പോലെയാണ് എം.ടിയുടെ കഥകള്‍ നമുക്കനുഭവപ്പെടുക. സമൂഹത്തെ മറ്റുള്ളവര്‍ നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് എം.ടിയിലെ എഴുത്തുകാരന്‍ നോക്കിക്കാണുക. 'ഒരു വടക്കന്‍ വീരഗാഥ' എന്ന എം.ടി ചിത്രം തന്നെ ഇതിനുദാഹരണം. പഴമ്പാട്ടുകളിലും പഴങ്കഥകളിലും ചതിയന്റെയും ഭീരുവിന്റെയും പരിവേഷമുണ്ടായിരുന്ന ചന്തുവിനെ ധീരനും നന്മ നിറഞ്ഞവനുമായി അവതരിപ്പിക്കാന്‍ എം.ടിയെ പ്രേരിപ്പിച്ചതും വ്യത്യസ്തമായ ആ വീക്ഷണശൈലിയാകും. ഈ വീക്ഷണശൈലി തന്നെയായിരിക്കും മറ്റുള്ള സാഹിത്യകാരില്‍ നിന്നും എം.ടിയെ വ്യത്യസ്തനാക്കുന്നതും.

ഇന്നലെയുടെ അപ്പുറത്തു നിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ അപ്പുറങ്ങളിലേക്കും പോകുന്ന ഒരു കാലപ്രവാഹമാണ് ജീവിതമെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. ആ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണി അകന്നുപോയാലും എം.ടിയുടെ കഥാപാത്രങ്ങള്‍ അനശ്വരങ്ങളായി തന്നെ നിലനില്‍ക്കും.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India