മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
ആരും തൊടാത്ത ഇന്ത്യ
ജൂലൈ 29, 2004
ആരും തൊടാത്ത ഒരിന്ത്യയുണ്ട്. 70 ശതമാനത്തിലധികം വരുന്ന ഇന്ത്യയുടെ ദരിദ്രഗ്രാമീണര്‍ തിങ്ങിപ്പാര്‍ക്കുന്ന, ഈച്ചകളെപ്പോലെ വിശപ്പില്‍ തളര്‍ന്നു മരിയ്ക്കുന്ന ഒരിന്ത്യ. രാഷ്ട്രീയക്കാര്‍ ഈ ഇന്ത്യയെപ്പറ്റി വാചാലരായി വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്തുന്നു. പക്ഷെ അധികാരത്തിലെത്തുമ്പോള്‍ അവര്‍ കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ ഈ ഇന്ത്യയെ സ്പര്‍ശിയ്ക്കുന്നതേയില്ല.
ഈ ഇന്ത്യയെക്കുറിച്ചാണ് ഡോ. എബ്രഹാം എം. ജോര്‍ജിന്റെ ഇന്ത്യ അണ്‍ടച്ച്ഡ് എന്ന പുസ്തകം പറയുന്നത്. ഈ പുസ്തകം കഴിഞ്ഞ ദിവസം വിപണിയിലിറങ്ങി. ഇന്ത്യയുടെ ഗ്രാമങ്ങളുടെ സാമൂഹികാവസ്ഥയെ കുറിച്ചാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.
കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യത്തിന് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുമെന്നും അതിനായി വലിയ നയപരിപാടികള്‍ പ്രഖ്യാപിക്കുന്നതിന് പകരം പ്രായോഗികമായ സമീപനമാണുണ്ടാവേണ്ടെതെന്നും എബ്രഹാം എം. ജോര്‍ജ് പുസ്തകത്തില്‍ വാദിയ്ക്കുന്നു.
ഉദാരവത്കരണത്തെ തുടര്‍ന്ന് ഗ്രാമീണരും നാഗരികരും തമ്മിലുള്ള വിടവ് കൂടിവരികയാണ്. ഇതിന്റെ നേട്ടങ്ങളും ഐടി മേഖലയിലെ വളര്‍ച്ചയും ഒരു ചെറിയ വിഭാഗം നാഗരികര്‍ക്ക് മാത്രം കൈവരിയ്ക്കുന്നു. അതേ സമയം ഭൂരിഭാഗം ഗ്രാമീണ ജനങ്ങളും ദാരിദ്യ്രത്തില്‍ കഴിയുന്നു.
ഇന്ത്യ അണ്‍ടച്ച്ഡ് എന്ന പുസ്തകം സംവാദ പ്രക്രിയയുടെ ഒരു തുടര്‍ച്ചയാണ്. ഈ പുസ്തകം ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും നയങ്ങള്‍ക്ക് രൂപം നല്‍കുന്നവരുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുകയാണെങ്കില്‍ തന്റെ ശ്രമത്തിന് പ്രയോജനമുണ്ടായെന്ന് കരുതാം- എബ്രഹാം പറഞ്ഞു.
ജോര്‍ജ് ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റിയാണ് എബ്രഹാം. ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫൗണ്ടഷേന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബാംഗ്ലൂരില്‍ ലോകനിലവാരത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങിയിട്ടുണ്ട്. ഫൗണ്ടേഷന്റെ ബല്‍ദേവ് ഫാം ഗ്രാമീണ ജനതയുടെ ശാക്തീകരണത്തിനുള്ള മാതൃകയായാണ് കണക്കാക്കപ്പെടുന്നത്. ഫാമില്‍ നിന്നുള്ള ലാഭം 200 ഗ്രാമീണര്‍ക്ക് ഭൂമി വാങ്ങുന്നതിനായാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന എബ്രഹാം പിന്നീട് യുഎസ്സില്‍ താമസമാക്കുകയും സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുകയും ചെയ്തു. എബ്രഹാമിന്റെ പുതിയ പുസ്തകത്തിന്റെ വില്പനയില്‍ നിന്നും ലഭിക്കുന്ന ലാഭം സേവന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുക.
ഈസ്റ് വെസ്റ് ബുക്ക്സ് (മദ്രാസ്) പുറത്തിറക്കിയ ഇന്ത്യ അണ്‍ടച്ച്ഡ് എന്ന പുസ്തകത്തിന്റെ വില 295 രൂപ.
|
|
|
|
|