മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
കേശവന്റെ വിലാപം എന്റെ നിലവിളി: മുകുന്ദന്‍
ഒക്ടോബര്‍ 12, 2003
ദില്ലി: കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ കേശവന്‍ താന്‍ തന്നെയാണെന്നും ആ കേശവന്റെ വിലാപം തന്റെ നിശ്ശബ്ദമായ നിലവിളിയാണെന്നും നോവലിസ്റ് എം. മുകുന്ദന്‍.
വയലാര്‍ അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ദില്ലി യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍. കമ്മ്യൂണിസ്റ് വിരുദ്ധ നോവലെന്ന് ആക്ഷേപിച്ചിരുന്ന കേശവന്റെ വിലാപങ്ങള്‍ക്ക് ഇടതുചായ്വുള്ള വയലാര്‍ അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞു.
ഇത് ഇടതുപക്ഷത്തിന്റെ അംഗീകാരമാണ്. ആദ്യകാലത്ത് അങ്ങിനെയൊരു അംഗീകാരം ലഭിച്ചിരുന്നു. പക്ഷെ പിന്നീട് എപ്പോഴോ ചര്‍ച്ച വഴിമാറിപ്പോവുകയും കേശവന്റെ വിലാപങ്ങളെ കമ്മ്യൂണിസ്റ് വിരുദ്ധകൃതിയായി ചിത്രീകരിക്കുകയും ചെയ്തു. - മുകുന്ദന്‍ പറഞ്ഞു.
കേശവന്റെ വിലാപങ്ങള്‍ എന്ന കൃതി ഇഎംഎസിനാണ് സമര്‍പ്പിച്ചതെങ്കില്‍ ഈ അവാര്‍ഡ് കൃതിയിലെ കഥാപാത്രമായ കേശവന് സമര്‍പ്പിയ്ക്കുകയാണ്. ഈ നോവിലിലെ കേശവന്‍ ഞാന്‍ തന്നെയാണ്. - മുകുന്ദന്‍ പറഞ്ഞു.
നോവല്‍ ഇറങ്ങിയപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് കൃതി ആന്റി കമ്മ്യൂണിസ്റാണോ അല്ലയോ എന്നാണ്. ഇപ്പോഴത്തെ എഴുത്തുകാരില്‍ ആത്മീയത വര്‍ധിച്ചുവരികയാണ്. ഉള്ളില്‍ ദൈവത്തെ കൊണ്ടുനടക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് അപകടകരമായ തലത്തിലേയ്ക്ക് പോകരുത്. - മുകുന്ദന്‍ പറഞ്ഞു.
എഴുത്തുകാരന് ഒരു കാലത്ത് സമൂഹത്തെ മാറ്റിമറിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് അതിനുള്ള കഴിവ് നഷ്ടപ്പെട്ടതായി മുകുന്ദന്‍ പറഞ്ഞു. വാക്കുകളുടെ ശക്തി നഷ്ടമായി. സ്വന്തം ശബ്ദം മറ്റുള്ളവരുടെ ചെവിയില്‍ എത്തിയ്ക്കുക എന്നതാണ് പ്രശ്നം. ഇന്ന് എഴുത്തുകാരുടെ പ്രഭാഷണം എന്റര്‍ടെയിന്റ്മെന്റ് ആയാണ് കണക്കാക്കുന്നത്. - മുകുന്ദന്‍ പറഞ്ഞു.
ആത്മകഥ എഴുതാന്‍ പരിപാടിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. തന്റെ എല്ലാ കൃതികളും ചേര്‍ത്തുവച്ചാല്‍ അത് ആത്മകഥയാകുമെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി.
വയലാര്‍ അവാര്‍ഡ് എം. മുകുന്ദന്
|
|
|
|
|