മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
വയലാറിനോട് യേശുദാസിന്റെ നന്ദികേട്
ഒക്ടോബര്‍ 27, 2004
വയലാറിന്റെ പാട്ടുകളിലൂടെ മഹാഗായകനായി വളര്‍ന്ന യേശുദാസ് വയലാറിന്റെ കുടുംബത്തോടെ നന്ദികേട് കാട്ടിയോ? ഉണ്ടെന്ന് വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി.
ഭാരതി തമ്പുരാട്ടി വയലാറിനെക്കുറിച്ചെഴുതിയ ഇന്ദ്രധനുസ്സിന്റെ തീരത്ത് എന്ന പുസ്തകത്തിലാണ് യേശുദാസിന്റെ ഈ നന്ദികേടിന്റെ കഥ വിവരിയ്ക്കുന്നത്. ഭാരതി തമ്പുരാട്ടി എഴുതുന്നു: എനിക്ക് ജീവിതാവസാനം വരെ മറക്കാന്‍ കഴിയാത്ത വേദന തന്നിട്ട് മാറിനടക്കുന്ന ഒരാള്‍ ഇന്നും ജിവിച്ചിരിപ്പുണ്ട്. അയാളുടെ പെരുമാറ്റം നന്ദികേടിന്റെ വ്രണം പോലെ നീറിനീറിക്കിടക്കുന്നു. അദ്ദേഹത്തിന്റെ(വയലാറിന്റെ) വാത്സല്യം ഒരുപാട് അനുഭവിച്ച മനുഷ്യന്‍. സ്നേഹം കൊണ്ട് ദാസപ്പന്‍ എന്ന് അദ്ദേഹം വിളിച്ച വലിയ ഗായകന്‍- യേശുദാസ്.
അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ട്രസ്റ് ഉണ്ടാക്കാന്‍ വലിയ പ്രതീക്ഷയോടെയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ പോയത്. പക്ഷെ, പ്രിയപ്പെട്ട പാട്ടുകാരന്റെ നാവില്‍ നിന്നും വീണത് പൊറുക്കാന്‍ കഴിയാത്ത വാക്കുകളാണ്. മദ്യപിച്ച് നശിച്ച ഒരാളുടെ പേരില്‍ ട്രസ്റ് ഉണ്ടാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന മട്ടില്‍ യേശുദാസ് സംസാരിച്ചു. - ഭാരതി തമ്പുരാട്ടി വിവരിയ്ക്കുന്നു.
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ചേര്‍ത്തല വഴി ഒരു യാത്ര ഉണ്ടെങ്കില്‍ യേശുദാസ് രാഘവപ്പറമ്പ് കോവിലകത്ത്(വയലാറിന്റെ വീട്) കയറാതെ പോവില്ല. അദ്ദേഹത്തിന്റെ സര്‍വ്വസ്വവുമായിരുന്നു അമ്മ അംബാലിക തമ്പുരാട്ടി. അദ്ദേഹം ഇല്ലെങ്കിലും ഉണ്ടെങ്കിലും അമ്മയോട് വര്‍ത്തമാനം പറഞ്ഞും പാട്ടുപാടിയും യേശുദാസ് കുറെ സമയം ചെലവഴിയ്ക്കും. അമ്മ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചേ പോകൂ. മകന്‍ എഴുതിയ യേശുദാസ് പാടിയ പാട്ടുകളൊക്കെ കോവിലകത്ത് വച്ച് ദാസപ്പനെക്കൊണ്ട് പാടിക്കേള്‍ക്കാന്‍ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അദ്ദേഹം മരിച്ചപ്പോള്‍ യേശുദാസ് മാത്രം കോവിലകത്ത് വന്നില്ല. മകന്റെ വേര്‍പാടില്‍ തകര്‍ന്നുപോയ അമ്മ ആ സമയത്ത് മകനെപ്പോലെ സ്നേഹിച്ചിരുന്ന യേശുദാസിന്റെ സാമീപ്യം കൊതിച്ചിരുന്നു. വരുമെന്ന് പറഞ്ഞ് ഞാന്‍ അമ്മയെ ആശ്വസിപ്പിക്കുമായിരുന്നു. മരിക്കുന്നതിന് മുമ്പ് ഒരു തവണ യേശുദാസിനെ കാണണമെന്ന് അമ്മ പറയുമായിരുന്നു. പലരോടും പറഞ്ഞുവിട്ടു. ഫോണില്‍ വിളിച്ചു. യേശുദാസ് വന്നില്ല. അമ്മ മരിച്ചു. മരണവാര്‍ത്ത അറിഞ്ഞെങ്കിലും യേശുദാസ് വരുമെന്ന് കരുതി. ശബ്ദമാധുരികൊണ്ട് മലയാളികളുടെ മനസ്സലിയിച്ച ഗാനഗന്ധര്‍വ്വന്റെ മനസ്സ് അപ്പോഴും കരിങ്കല്ലിന്റെ കാഠിന്യം കാണിച്ചുവെന്ന് ഭാരതി തമ്പുരാട്ടി എഴുതുന്നു.
ചേര്‍ത്തലയിലും പരിസരപ്രദേശത്തും ഒക്കെ പല തവണ യേശുദാസ് സംഗീതപരിപാടിയ്ക്കായി വന്ന് പോയിട്ടുണ്ട്. അപ്പോഴൊന്നും രാഘവപ്പറമ്പിലേക്കുള്ള വഴി ഗായകന്‍ ഓര്‍ത്തില്ല. ഇതില്‍ എനിയ്ക്കും മക്കള്‍ക്കും പരിഭവമില്ല. ഹൃദയം തുറന്ന് സ്നേഹിച്ച രണ്ട് ആത്മാക്കളോട്(വയലാറിനോടും അമ്മയോടും) നന്ദികേട് ആകാമെങ്കില്‍ പിന്നെ ഞങ്ങളെക്കുറിച്ച് എന്തിനോര്‍ക്കണം. - ഭാരതി തമ്പുരാട്ടി പറയുന്നു.
ഇന്ന് ടിവിയില്‍ വരുന്ന ഇന്റര്‍വ്യൂകളില്‍ യേശുദാസ് സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും സൗമ്യമധുരമായി സംസാരിക്കുന്നത് ഞാനും കാണാറുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ലെന്ന ബോധത്തോടെ. - ഭാരതി തമ്പുരാട്ടി എഴുതുന്നു.
വയലാറിന്റെ 29ാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 27 ബുധനാഴ്ച ഈ പുസ്തകം പ്രകാശനം ചെയ്യും.
|
|
|
|
|