വീണ്ടും പുസ്തകവുമായി കലാം
നവമ്പര്‍ 15, 2003
രാഷ്ട്രപതിയുടെ തിരക്കിട്ട ദിനങ്ങളില്‍ മുഴുകുമ്പോഴും പ്രൊഫ. എ.പി.ജെ. അബ്ദുള്‍ കലാമിലെ എഴുത്തുകാരന്‍ ഉറങ്ങുന്നില്ല. ഇതിനകം മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഇന്ത്യന്‍ രാഷ്ട്രപതിയുടെ നാലാം പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും വഴികളുമാണ് പുതിയ പുസ്തകത്തിലും. പേര് എന്‍വിഷനിംഗ് ഏന്‍ എംപവേഡ് നാഷന്‍. വികസിത ഇന്ത്യയെക്കുറിച്ച് കാഴ്ചപ്പാട് അവതരിപ്പിയ്ക്കുന്ന പുസ്തകത്തില്‍ ഇന്ത്യയുടെ പുരോഗതിയ്ക്ക് സാങ്കേതികവിദ്യ എന്ന മാന്ത്രികവടിയ്ക്ക് എത്രമാത്രം പ്രധാന്യമുണ്ടെന്ന് വിശദീകരിയ്ക്കുന്നു.
ടാറ്റാ മക്ഗ്രോഹില്‍ ആണ് പ്രസാധകര്‍. ശിശുദിനത്തോടനുബന്ധിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രാഷ്ട്രപതിയായശേഷം രാജ്യത്തെ രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ നിന്നുള്ള അനുഭവം ഉള്‍ക്കൊണ്ടാണ് കലാം പുതിയ പുസ്തകം എഴുതിയത്. എട്ട് അധ്യായങ്ങളുള്ള പുസ്തകത്തിന് വില 295 രൂപ. ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായിരുന്ന എ. ശിവതാണു പിള്ളയും ഈ പുസ്തകരചനക്ക് കലാമിനെ സഹായിച്ചിട്ടുണ്ട്.
2020ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന തന്റെ സ്വപ്നത്തിന്റെ രണ്ടാം ദര്‍ശനമാണ് ഈ പുസ്തകത്തില്‍ രാഷ്ട്രപതി വിശദീകരിയ്ക്കുന്നത്.
സാങ്കേതികവിദ്യയില്‍ പ്രാദേശിക സാങ്കേതികവിദ്യകള്‍ക്കുള്ള പ്രാധാന്യം രാഷ്ട്രപതി വിശദീകരിയ്ക്കുന്നു. കൃഷി, ഉല്പാദനം, ആരോഗ്യസംരക്ഷണം, തന്ത്രപ്രധാനമേഖലകള്‍ എന്നീ രംഗത്ത് പ്രാദേശിക സാങ്കേതികവിദ്യകള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും പുസ്തത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ വിജ്ഞാന സമൂഹത്തെക്കുറിച്ചും വിജ്ഞാനസാമ്പത്തിക ഘടനയെക്കുറിച്ചും പുസ്തകം സൂചനകള്‍ നല്കുന്നു. ഇന്ത്യയുടെ കുതിപ്പിനുള്ള മാര്‍ഗ്ഗരേഖയും ഒടുവില്‍ രാഷ്ട്രപതി നല്കുന്നു.
ഇന്ത്യ 2020, ഇഗ്നൈറ്റഡ് മൈന്‍ഡ്സ്, വിംഗ്സ് ഓഫ് ഫയര്‍ എന്നിവയാണ് കലാമിന്റെ ആദ്യ പുസ്തകങ്ങള്‍. ഇതില്‍ വിംഗ്സ് ഓഫ് ഫയര്‍ ആത്മകഥയാണ്.
|