മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
ഖസാക്കിന്റെ ഇതിഹാസകാരന് സാഹിത്യപുരസ്കാരം
നവംബര്‍ 29, 2004
കോഴിക്കോട്: മാതൃഭൂമി സാഹിത്യപുരസ്കാരം ഒ.വി. വിജയനു ലഭിച്ചു. രണ്ടുലക്ഷം രൂപയും എം.വി. ദേവന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കെ.ടി.മുഹമ്മദ്, എം.വി.ദേവന്‍, പ്രൊഫ. എം.അച്യുതന്‍എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്.
ഭാഷാസാഹിത്യത്തിനു നല്‍കിയ വിശിഷ്ടസംഭാവന മുന്‍നിര്‍ത്തിയാണ് ഒ.വി.വിജയന് പുരസ്കാരം നല്‍കുന്നതെന്ന് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അറിയിച്ചു.
കേരള സാഹിത്യമണ്ഡലത്തില്‍ അരനൂറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന സജീവ സാന്നിധ്യമാണ് ഒ.വി.വിജയനെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. സാഹിത്യത്തിന് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയും കാര്‍ട്ടൂണ്‍ രചനയെ ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ആത്മീയവും ഭൗതികവുമായുള്ള വേര്‍തിരിവിനെ ഇല്ലായ്മ ചെയ്ത് ഏകത്വത്തിന്റെ ദാര്‍ശനിക മേഖലയിലേക്ക് കഥാപ്രപഞ്ചത്തെ പ്രതിഷ്ഠിച്ച എഴുത്തുകാരനാണ് ഒ.വി വിജയന്‍. ആധ്യാത്മികതയും പൂര്‍വികതയും മൂല്യബോധവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ കൃതികള്‍. നോവല്‍ചരിത്രത്തിലെ തന്നെ ഇതിഹാസമായ 'ഖസാക്കിന്റെ ഇതിഹാസം' ഇതിനുള്ള ഉദാഹരണമാണ്.'-സമിതി അഭിപ്രായപ്പെട്ടു.
പാലക്കാട് ഓട്ടുപുലാക്കല്‍ വീട്ടില്‍ വേലുക്കുട്ടിയുടെയും തച്ചമുച്ചി കമലാക്ഷി അമ്മയുടെയും മകനായി ജനിച്ച വിജയന്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റര്‍ബിരുദംനേടി. പാലക്കാട് വിക്ടോറിയാ കോളേജിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജിലും കുറച്ചുകാലം അധ്യാപകനായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അദ്ദേഹംഇതിനകം ശ്രദ്ധിക്കപ്പെടുന്ന കാര്‍ട്ടൂണിസ്റും എഴുത്തുകാരനുമായിക്കഴിഞ്ഞിരുന്നു.
ആദ്യംമുതലേ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ കഥകളും ലേഖനങ്ങളും എഴുതി. 1969-ലാണ് ആദ്യനോവലായ 'ഖസാക്കിന്റെ ഇതിഹാസം' പുറത്തിറങ്ങിയത്. അതൊരു ചരിത്രസംഭവമായിരുന്നു. അതോടെ ആദരങ്ങള്‍ക്കൊപ്പം അംഗീകാരവും പ്രശസ്തിയും വിജയനെ തേടിയെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് 'ഖസാക്കിന്റെ ഇതിഹാസം', 'ഗുരുസാഗരം', 'മധുരം ഗായതി' എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചത്. 'ഇന്ദ്രപ്രസ്ഥം' എന്ന പരമ്പരയും അദ്ദേഹം ആഴ്ചപ്പതിപ്പില്‍ എഴുതി.
കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും പത്മശ്രീയും നേടിയിട്ടുള്ള തന്റെ പ്രമുഖ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കോളേജധ്യാപികയായി വിരമിച്ച തെരേസയാണ് ഭാര്യ. ഏക മകന്‍ മധു അമേരിക്കയിലാണ്. കവയിത്രി ഒ.വി. ഉഷ സഹോദരിയാണ്. ഇപ്പോള്‍ സെക്കന്ദരാബാദില്‍ വിശ്രമജീവിതം നയിക്കുകയാണ് വിജയന്‍.
2000ലേര്‍പ്പെടുത്തിയ മാതൃഭൂമി സാഹിത്യപുരസ്കാരം യശശ്ശരീരനായ തിക്കോടിയന്‍, എം.വി.ദേവന്‍, പാലാ നാരായണന്‍നായര്‍ എന്നിവര്‍ക്കു ലഭിച്ചിട്ടുണ്ട്.
|
|
|
|
|