സഖറിയയുടെ ആനുകാലിക ശേഖരം അക്കാദമിയ്ക്ക്
ജൂലൈ 18, 2006
തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് അറിവു പകരുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ തന്റെ ആനുകാലിക ശേഖരം കേരള സാഹിത്യ അക്കാദമിയ്ക്ക് കൈമാറി.
വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ട് ശേഖരിച്ച അയ്യായിരത്തോളം ആനുകാലികങ്ങളാണ് സക്കറിയ അക്കാദമിയ്ക്ക് കൈമാറിയത്. ബേക്കറി ജങ്ഷനിലുള്ള സക്കറിയയുടെ വീട്ടില്‍വെച്ച് സാഹിത്യ അക്കാദമി സെക്രട്ടറി പി.വി കൃഷ്ണന്‍ നായരാണ് ശേഖരം ഏറ്റുവാങ്ങിയത്.
1960 മുതലുള്ള ആനുകാലികങ്ങള്‍ ഇതിലുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദേശബന്ധു, കലാകൗമുദി, ഇംഗ്ലീഷ് ആനുകാലികങ്ങളായ എന്‍കൗണ്ടര്‍, ടൈംസ്, ന്യൂയോര്‍ക്ക്, സാറ്റര്‍ഡേ, എവരിഡേ പോസ്റ് തുടങ്ങിയ വിവിധ പുസ്തകങ്ങള്‍ ഈ ശേഖരത്തില്‍ പെടും.
ബാംഗ്ലൂര്‍, ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സന്ദര്‍ശനവേളകളിലാണ് സക്കറിയ മിക്ക ഇംഗ്ലീഷ് ആനുകാലികങ്ങളും സ്വന്തമാക്കിയത്. പലപ്പോഴായി ശേഖരിച്ച ഇവ പുസ്തകരൂപത്തിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത്തരത്തില്‍ 49 പുസ്തകങ്ങളുണ്ട്.
സ്വന്തമായി ഇത്തരമൊരു ശേഖരം സൂക്ഷിച്ചതുകൊണ്ട് കാര്യമില്ല. അത് പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടണം. അതിനുവേണ്ടിയാണ് അക്കാദമിയ്ക്ക് കൈമാറുന്നത്-സക്കറിയ പറഞ്ഞു.
മറ്റുള്ളവര്‍ക്കും ഇത് മാതൃകയാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള സാഹിത്യ അക്കാദമിയെ സംസ്ഥാന ലൈബ്രറിയായി സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയ അക്കാദമി സെക്രട്ടറി പി.വി കൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെ ഒരു പ്രതി നിര്‍ബന്ധമായും അക്കാദമിയ്ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിടണം. ഇത്തരത്തിലൊരു പ്രവണതയുണ്ടായാല്‍ എല്ലാ ആനുകാലികങ്ങളുടെയും റഫറല്‍ ലൈബ്രറിയായി സാഹിത്യഅക്കാദമിയെ മാറ്റാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി അംഗങ്ങളായ വിനു എബ്രഹാം, സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും ശേഖരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.
|