മലയാളം
->
ഈസ്റര്‍
->
ദുഃഖവെള്ളി
|
പാപികള്‍ക്കായി ചൊരിഞ്ഞ രക്തം
യേശു ക്രൂശിതനായത് ഒരു വെള്ളിയാഴ്ചയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ സ്മരണയ്ക്കാണ് ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നത്.
കുരിശും ചുമന്ന് ദേഹമാസകലംമുറിവുകളുമായി പീലാത്തോസിന്റെ പടയാളികളുടെ ചാട്ടവറടികളുമേറ്റ് കാല്‍വരിയിലേക്ക് വേച്ചു വേച്ചു നീങ്ങുന്ന യേശുവിന്റെ ചിത്രം ഏതൊരു വിശ്വാസിയിലും വേദനയുളവാക്കും.
ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങള്‍ ബൈബിളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ഗോഗുല്‍ത്താ മലയില്‍ ആറ് മണി മുതല്‍ ഒമ്പത് മണി വരെ അന്ധകാരം വ്യാപിച്ചു. കുരിശില്‍ കിടന്ന് യേശു 'എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടതെന്ത് ?' എന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് പ്രാണന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെ വരെ രണ്ടായി കീറിപ്പോയി.''
ചടങ്ങുകള്‍
ദുഃഖവെള്ളിയാഴ്ച രാവിലെ വിശ്വാസികള്‍ ഉപവാസമെടുത്ത് പള്ളിയില്‍ പോകുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടത്തുന്നു. ദുഃഖവെള്ളിയാഴ്ചക്ക് വിശുദ്ധ കുര്‍ബാന നടത്താറില്ല.
അന്ന് പുലര്‍ച്ചെ തന്നെ പള്ളിയങ്കണത്തില്‍ തയാറാക്കിയിട്ടുള്ള മരക്കുരിശുകള്‍ വെള്ളത്തുണി കൊണ്ട് മൂടുന്നു. ഇത് ഈസ്റര്‍ ദിനത്തിലെ അഴിച്ചുമാറ്റുകയുള്ളു. ചൊറുക്ക എന്ന കയ്പ്പുനീര്‍ കുടിക്കുന്നതും ദുഃഖവെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമാണ്. ക്രൂശിതനായ യേശു ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ പീലാത്തോസിന്റെ പടയാളികള്‍ കയ്പ്പുനീര്‍ കൊടുത്തതിനെ അനുസ്മരിച്ചാണ് ഈ ചടങ്ങ്. ഇതിനായി കേരളത്തിലെ പള്ളികളില്‍ പാവയ്ക്കാ നീരാണ് ഉപയോഗിക്കുന്നത്.
കേരളത്തിലെ മലമ്പ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ചയുമായി ബന്ധപ്പെട്ട് പരിഹാര പ്രദക്ഷിണം എന്ന ചടങ്ങ് നടത്താറുണ്ട്. കുരിശും ചുമന്നും കൊണ്ട് യേശുവിന്റെ കാല്‍വരിയിലേക്കുള്ള യാത്രയെ അനുസ്മരിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. മലമ്പാതയിലൂടെ പ്രതീകാത്മകമായി വിശ്വാസികള്‍ നീങ്ങുന്നു. യേശു കാലിടറിയും ചമ്മട്ടിയടിയേറ്റും വീണതുമായ 14 സ്ഥലങ്ങളുടെ പ്രതീകമായി മലമ്പാതയില്‍ 14 സ്ഥലങ്ങള്‍ ഒരുക്കിയിരിക്കും. ഇതിനോടനുബന്ധിച്ച് കുരിശിന്റെ വഴി എന്ന പ്രാര്‍ത്ഥനയുമുണ്ടായിരിക്കും.
|
|
|
|
|