മലയാളം
->
ചലച്ചിത്രം
->
ചിത്രവാര്‍ത്ത
->
പൂര്‍ണ്ണവാര്‍ത്ത
|
ഓണത്തിന് സൂപ്പര്‍താരയുദ്ധം
സപ്തംബര്‍ 10, 2005
 |
| 'നേരറിയാന്‍ സിബിഐ'യില്‍ മമ്മൂട്ടി |
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഓണവിപണി കീഴടക്കാനുള്ള മത്സരം നടത്തുന്ന കാഴ്ചയാണ് ഇത്തവണ ഈ ഉത്സവസീണണിന്റെ പ്രത്യേകത. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപും സുരേഷ്ഗോപിയും ഓണവിപണിയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുമ്പോള്‍ അവരോട് മത്സരിക്കാന്‍ കലാഭവന്‍ മണിയുമുണ്ട്. അതേസമയം ഒരു യുവതാരചിത്രം പോലും ഇത്തവണ ഓണത്തിനെത്തുന്നില്ല.
ജോഷി സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ നരന്‍, മമ്മൂട്ടി നായകനായ കെ.മധു ചിത്രം നേരറിയാന്‍ സിബിഐ, ദിലീപ് ചിത്രം ചാന്തുപൊട്ട് എന്നിവയാണ് പ്രധാനമായും ഇത്തവണ ഓണത്തിന് കൊമ്പുകോര്‍ക്കുന്നത്. ഈ ചിത്രങ്ങളോട് മത്സരിക്കാന്‍ തിരുവോണത്തിന് ജയറാമിന്റെ സര്‍ക്കാര്‍ ദാദയും കലാഭവന്‍ മണിയുടെ ലോകനാഥന്‍ ഐഎഎസ്സും എത്തുന്നു. ഒരു മാസം മുമ്പേ തിയേറ്ററിലെത്തിയ സൂപ്പര്‍ഹിറ്റ് സുരേഷ് ഗോപി ചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസ് ഓണത്തിനും പ്രദര്‍ശനം തുടരും.
കഴിഞ്ഞ വര്‍ഷം ഓണത്തിനെത്തിയ മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളായ നാട്ടുരാജാവ്, വെട്ടം എന്നിവ പരാജയപ്പെട്ടുവെങ്കില്‍ ഇത്തവണ ഇരുവരും ഓണത്തിന് നേട്ടം കൊയ്യുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഓണച്ചിത്രങ്ങളെന്ന നിലയില്‍ മോഹന്‍ലാലിന്റെ നരനും ദിലീപിന്റെ ചാന്തുപൊട്ടും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്.
 |
| 'നരനി'ല്‍ മോഹന്‍ലാല്‍ |
ഓണത്തിന് മൂന്നാഴ്ച മുമ്പ് തിയേറ്ററിലെത്തിയ ചാന്തുപൊട്ട് മികച്ച കളക്ഷനുമായാണ് മുന്നോട്ടുപോകുന്നത്. സപ്തംബര്‍ മൂന്നിന് തിയേറ്ററിലെത്തിയ മോഹന്‍ലാലിന്റെ നരനെയും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസിംഗിന് മുമ്പു തന്നെ മികച്ച പരസ്യപിന്തുണ ലഭിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഈ ചിത്രങ്ങളോട് മത്സരിക്കാന്‍ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐ എത്തുന്നത്. കാഴ്ച എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ ഓണവിപണിയില്‍ സൂപ്പര്‍ഹിറ്റ് കൊയ്ത മമ്മൂട്ടി സിബിഐ പരമ്പരയിലെ നാലാമത്തെ ചിത്രത്തിലൂടെ ഇത്തവണയും നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ വിഷുവിന് സൂപ്പര്‍താരചിത്രങ്ങളോട് മത്സരിച്ച് വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഓര്‍മകളുമായാണ് ജയറാം ഇത്തവണ ഓണത്തിന് തന്റെ സാന്നിധ്യം അറിയിക്കുന്നത്. ആലീസ് ഇന്‍ വണ്ടര്‍ലാന്റിനുണ്ടായ ബോക്സോഫീസ് ദുരന്തം ഓണത്തിന് ആവര്‍ത്തിക്കപ്പെടരുതേയെന്ന പ്രാര്‍ഥനയോടെ ശശിശങ്കര്‍ സംവിധാനം ചെയ്ത സര്‍ക്കാര്‍ ദാദയുമായി ജയറാം തിരുവോണനാളിലെത്തുന്നു. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ നേരിടേണ്ടിവന്ന ജയറാമിന് ഈ ചിത്രം നിര്‍ണായകമാണ്.
 |
| 'സര്‍ക്കാര്‍ ദാദ'യില്‍ ജയറാം, ജഗദീഷ് |
ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രം നേടിയ മികച്ച വിജയത്തിന്റെ ഹാങ്ഓവറുമായി ഇത്തവണ ഓണത്തിന് സൂപ്പര്‍താരങ്ങളോട് മത്സരിക്കാനെത്തുകയാണ് കലാഭവന്‍ മണി. തിരുവോണനാളില്‍ തിയേറ്ററുകളിലെത്തുന്ന ലോകനാഥന്‍ ഐഎഎസ് ഒരു കലാഭവന്‍ മണി ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളോടെയുമാണ് സംവിധായകന്‍ അനില്‍ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ സീനിയര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഓണത്തിനെത്തുമ്പോള്‍ ഒരു യുവതാരചിത്രം പോലും ഇത്തവണ ഉത്സവസീസണിനെത്തുന്നില്ല. രണ്ട് വര്‍ഷം മുമ്പ് 'സ്വപ്നക്കൂട്' പോലുള്ള യുവതാരചിത്രം ഓണവിപണിയില്‍ നേട്ടം കൊയ്തത് ഇപ്പോള്‍ വിദൂരമായ ഓര്‍മ മാത്രമാണ്. യുവതാരചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ ഓണത്തിന് സൂപ്പര്‍താരങ്ങളോട് മത്സരിക്കാന്‍ അത്തരം ചിത്രങ്ങളുമായെത്തുന്നതിലെ റിസ്ക് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് വിതരണക്കാര്‍.
|
|
|
|
|