മുംബൈ: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതി ഓഹരി വിപണിയില്‍ കുതിപ്പുണ്ടായി.
ബുഷിന്റെ വിജയം ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്നാണ് ഓഹരി നിക്ഷേപകര്‍ വിലയിരുത്തുന്നത്. വന്‍കിട യുഎസ് കോര്‍പ്പറേഷനുകള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്തുന്ന സാങ്കേതികവിദ്യാ കമ്പനികള്‍ക്കാണ് ബുഷിന്റെ വിജയം പ്രത്യേകിച്ചും ഗുണകരമാവുക എന്നാണ് വിലയിരുത്തല്‍.
ബുഷ് വിജയിക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഓഹരി സൂചികയില്‍ കുതിപ്പുണ്ടായി. നേരത്തെ നടന്ന വ്യാപാരങ്ങളില്‍ ഒന്നര ശതമാനം പോയിന്റ് ഉയര്‍ച്ചയാണ് വിപണി സൂചികയിലുണ്ടായത്.
ടെക്നോളജി ഓഹരികള്‍ വാങ്ങുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബുഷിന്റെ വിജയത്തോടെ ഔട്ട്സോഴ്സിംഗ് ബിസിനസ് മുമ്പത്തേതു പോലെ തുടരുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ടെക്നോളജി ഓഹരികള്‍ വാങ്ങുന്നതിന് കൂടുതല്‍ ആളുകളെത്തിയത്.