| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ബാഗ്ദാദ്: തൂക്കിലേറ്റിയ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അന്ത്യ നിമിഷങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതിനെക്കുറിച്ച് ഇറാഖ് സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നൂറി അല്‍ മാലികിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പും പീന്നീട് മരണം നടന്നുകഴിഞ്ഞുമുള്ള ദൃശ്യങ്ങളാണ് ഇറാഖി ടെലിവിഷന്‍ പുറത്തുവിട്ടത്. എന്നാല്‍ വധശിക്ഷയുടെ എല്ലാ ദൃശ്യങ്ങളും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ വഴി അത് ലോകത്താകമാനമെത്തുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഷിയാ പുരോഹിതനായ മുക്താദ എല്‍ സദറിന്റെ പേരു പറഞ്ഞ് ആരാച്ചാര്‍മാരിലൊരാള്‍ സദ്ദാമിനെ പ്രകോപിപ്പിക്കുന്നതടക്കം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ രംഗങ്ങള്‍ ഇറാഖില്‍ ഷിയാ-സുന്നി വൈരം രൂക്ഷമാക്കിയിരിക്കുകയാണ്. ആരാണ് ഈ രംഗങ്ങള്‍ പകര്‍ത്തിയതെന്നും പുറത്തുവിട്ടതെന്നുമുള്ളതിനെക്കുറിച്ച് ഇതേവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. ടൈഗ്രിസ് നദീതീരത്തെ യുഎസ് ക്യാമ്പില്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ വളരെ ചുരുക്കും പേര്‍മാത്രമേ സാക്ഷികളായി ഉണ്ടായിരുന്നുള്ളു. അതിനാല്‍ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന കാര്യം പെട്ടെന്ന് കണ്ടെത്താവുന്നതെയുള്ളുവെന്നാണ് സൂചന. അന്ത്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് സദ്ദാമിന്റെ ശിക്ഷനടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ പ്രോസിക്യൂട്ടര്‍ നുന്‍കിത് അല്‍ഫാറൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ കോടതി വിധി നടപ്പാക്കുകയല്ല മറിച്ച് പ്രതികാരം തീര്‍ക്കുകയാണെന്നാണ് തോന്നുകയെന്ന് മിക്ക അറബ് രാജ്യങ്ങളും പ്രതികരിച്ചിട്ടുണ്ട്.
|
||||||||||||||||||||||||
|