| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
കൊച്ചി: തട്ടേക്കാട് ബോട്ടപകടത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.
2002ലുണ്ടായ കുമരകം ബോട്ടപകടത്തെപ്പറ്റി അന്വേഷിച്ച ജസ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കൈക്കൊണ്ട നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തട്ടേക്കാട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനൊപ്പം ജസ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ 18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ദുരന്തം ഉണ്ടാകില്ലായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ കെ.ബി ജോയിയാണ് ഹര്‍ജിക്കാരന്‍. ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റിസ് എം.എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിയ്ക്കുന്നത്. സ്കൂളുകളിലെ വിനോദയാത്ര സംബന്ധിച്ച് ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്നും യാത്രാ ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് മറ്റൊരു പൊതുതാല്‍പ്പര്യ ഹര്‍ജികൂടി ഫയല്‍ചെയ്തിട്ടുണ്ട്. വൈപ്പിന്‍ സ്വദേശി ഡോ. ബെയ്സില്‍ അട്ടിപ്പേറ്റിയാണ് ഹര്‍ജിക്കാരന്‍.
|
||||||||||||||||||||||||
|