[an error occurred while processing this directive]
[an error occurred while processing this directive]
മലയാളം -> പുതുവത്സരം -> കേരളം - 2001

കേരളം പോയ വര്‍ഷം

ഒരു വര്‍ഷം കൂടി പടിയിറങ്ങുകയാണ്്. ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി 2001 കടന്നു പോകുമ്പോള്‍ പുതിയ പ്രതിജ്ഞകളുമായി പുതു വര്‍ഷത്തെ വരവേല്കാന്‍ ഉത്സാഹിക്കുന്നവരേറെ. വാര്‍ഷിക കണക്കെടുപ്പില്‍ പക്ഷേ,മുന്നില്‍ തെളിയുന്നത് മതവൈരം മൂത്ത് അയല്‍ക്കാരന്റെ കുടല്‍മാല കീറാന്‍ വാളിനു മൂര്‍ച്ച കൂട്ടുന്ന ഭ്രാന്തു പിടിച്ച മുഖങ്ങളാണ്. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുന്ന കിരാതരൂപങ്ങളെയും, കൊല ചെയ്യാന്‍ അറപ്പുമാറിയ കാട്ടാളമനസുകളെയുമാണ്. ഉള്ളില്‍ ഉമിത്തി പോലെ നീറുന്ന പകയാണ് പുതു വര്‍ഷത്തിലേയ്ക്ക് വഴികാട്ടിയാവുന്നത്...

വാജ്പേയിയുടെ കുമരകം സന്ദര്‍ശനംVajpayee
2001നെ കേരളം വരവേറ്റത് പ്രധാനമന്ത്രിയുടെ കുമരകം പാക്കേജ് നല്‍കിയ മധുരാനുഭൂതികളോടെ. കുമരകത്തെ കായലോളങ്ങളുടെ കുളിരേറ്റ് സന്തോഷവാനായ വാജ്പേയി കേരളത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് ഒരു വയസു പ്രായമാകുന്നു. ഈ വാഗ്ദാനത്തില്‍ പ്രധാനമായ നാളികേര ടെക്നോളജി മിഷന്‍ പുതിയവര്‍ഷത്തില്‍ കേരളത്തില്‍ തുടങ്ങും. വിലയിടിഞ്ഞ കാര്‍ഷികോല്‍പന്നങ്ങള്‍. അനുനിമിഷം ഉയരുന്ന ജീവിതച്ചെലവ്. പകച്ചു നില്‍ക്കുന്ന കര്‍ഷകനും കുടുംബവും അഭയം തേടുന്നത് കൂട്ട ആത്മഹത്യയില്‍. സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതം താങ്ങാന്‍ കേരളത്തിനാവുന്നില്ല. കാര്‍ഷികവൃത്തിയുടെ കാലം കഴിഞ്ഞെന്ന് തിരിച്ചറിയുമ്പോഴും പകരമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. പുതുവര്‍ഷം പറയാന്‍ പോകുന്നതും വ്യത്യസ്തതയില്ലാത്ത കഥകളാവുമെന്ന് തീര്‍ച്ച.

കൂടുതല്‍

നാദാപുരത്തെ കൂട്ടക്കൊല
കണ്ണൂരില്‍ നിന്നും സംഘര്‍ഷം നാദാപുരത്തേയ്ക്ക് വ്യാപിച്ചത് പോയ ജനവരിയിലാണ് .വര്‍ഗീയത അവിടെ വിഷസര്‍പ്പമായി ഫണം വിരിച്ചാടിയപ്പോള്‍ നഷ്ടപ്പെട്ടത് നാടിന്റെ സല്‍പ്പേരും ഒരുപാടു പേരുടെ ജീവിത സമ്പാദ്യവും. വീടുകള്‍ തീയീട്ടും വിള നശിപ്പിച്ചും അയല്‍ക്കാരിയുടെ മാനം കവര്‍ന്നും പക തീര്‍ത്ത ദിനങ്ങള്‍. കൊന്നും കൊല വിളിച്ചും നാദാപുരത്തുകാര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. എരിയുന്ന കനലുകള്‍ ഉളളിലടക്കി ഒരു വിധം ശാന്തമായപ്പോള്‍ വീണ്ടുമൊരു കൊലപാതകം... കൂടുതല്‍
ഇടതുമുന്നണിയുടെ മദ്യനയം
മദ്യ ദുരന്തത്തിന്റെ ബാക്കി പത്രമായിരുന്നു കളളു സൊസൈറ്റി. മുങ്ങിച്ചാവുന്നതിനു മുമ്പ് ചാരായ നിരോധനം പോലെയൊരു കൈവിട്ട കളി. കിട്ടിയാല്‍ ഊട്ടി, പോയാല്‍ പിന്‍ഗാമിയുടെ കഴുത്തില്‍ ഇട്ടുമുറുക്കാനൊരു കുരുക്ക്. ഇന്ന് കളളിന്റെ പേരില്‍ അങ്കം കുറിച്ച് മപ്പടിച്ച് സുധീരനും, ആര്യാടനും ഉമ്മന്‍ ചാണ്ടിയും പരസ്പരം പോരിനു വിളിക്കുമ്പോള്‍ നായനാര്‍ക്കും ശിവദാസ മേനോനും ചിരി വരുന്നതില്‍ അത്ഭുതമില്ല. മേമ്പൊടിക്ക് അഴീക്കോടും വെളളാപ്പളളിയും നടത്തുന്ന പൂഴിക്കടകന്‍ വേറെ... കൂടുതല്‍
ആലുവകൂട്ടക്കൊല
പോയ വര്‍ഷം കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു ആലുവയിലേത്. ഒരു കുടുംബത്തിലെ അഞ്ചു പേര്‍ അതി ദാരുണമായി കൊല ചെയ്യപ്പെട്ടു. ബുദ്ധിപൂര്‍വÿമെന്ന് സ്വയം വിശേഷിപ്പിച്ച അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് പിടി കൂടി. പക്ഷേ സംശയങ്ങള്‍ പിന്നേയും ബാക്കി. ഇണങ്ങാത്ത കണ്ണികള്‍ പ്രബലന്മാരിലേയ്ക്കു നീളുന്നതായി ആരോപണമുയരുന്നു. സത്യം കണ്ടു പിടിക്കാനുളള ജോലി സിനിമാ-സീരിയല്‍ കഥയെഴുത്തുകാര്‍ ഏറ്റെടുത്തതോടെ ജനത്തിന്റെ താല്‍പര്യവും നശിച്ചു... കൂടുതല്‍

പിള്ളയുടെ ജയില്‍വാസംBalakrishna pillai
ബാലകൃഷ്ണ പിളളയെ ജയിലിലാക്കിയ വര്‍ഷമാണ് 2001. കൊട്ടാരക്കര മുതല്‍ കൊട്ടാരക്കര വരെ നീളുന്ന മഹാസാമ്രാജ്യത്തിന്നധിപതിയെ ഇടതുമുന്നണി സര്‍ക്കാര്‍ ലാഘവത്തോടെയാണ് ഇരുമ്പഴികള്‍ക്കകത്ത് തളച്ചത്. ജയില്‍ വിമുക്തനായ പിളളയെ ആഘോഷപൂര്‍വÿം വലതുമുന്നണി വരവേല്കുകയും ചെയ്തു. ജനകീയ കോടതിയില്‍ 'അ®ിശുദ്ധി'തെളിയിച്ച പിള്ളയെ ആദര്‍ശധീരന്‍ പുറത്തു നിര്‍ത്താന്‍ തീരുമാനിച്ചതോടെ പിളളയുഗത്തിന് പതുക്കെ തിരശീല വീഴുകയാണ്. കെ.എം.ജോര്‍ജിനും പി.ടി. ചാക്കോയ്ക്കും കീഴില്‍ രാഷ്ട്രീയമഭ്യസിച്ച പിളള തന്‍പിളളയുടെ മര്‍മവിദ്യയില്‍ അടിയറവ് പറഞ്ഞു. മനസു കൊണ്ട് കരുണാകരന്റെ മാനസപുത്രനാവാന്‍ കൊതിക്കുന്ന കെ.ബി.ഗണേഷ് കുമാര്‍ പിളളയുടെ രാഷ്ട്രീയ ജീവിതത്തിന് ഉദകക്രിയ ചെയ്താല്‍ അത്ഭുതപ്പെടാനില്ല...കൂടുതല്‍

ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ ഭരണംAntony
മണിച്ചനും കൊച്ചനിയ്ക്കും ചൈനാ സുനിലിനും വേണ്ടി ഭരിച്ചവരെ ജനം തൂത്തെറിഞ്ഞു. മദ്യനിലവറകള്‍ക്ക് അഞ്ചു വര്‍ഷവും അടയിരുന്നവരുടെ കുമ്പസാരങ്ങള്‍ക്ക് ആരും ഒരു വിലയും നല്‍കിയില്ല. പി.കെ.ഗുരുദാസനും കടകംപളളിയും ബിന്ദു ഉമ്മറുമൊക്കെ പരാജയത്തിന്റെ നിലയില്ലാക്കയങ്ങളില്‍ കൈകാലിട്ടടിച്ചപ്പോള്‍ വിജയിച്ചത് പതിറ്റാണ്ടുകളായി പലരും അടക്കിപ്പിടിച്ച പ്രതികരണശേഷിയാണ്. തലച്ചുമടായി ഇറക്കിത്തരുന്ന വന്‍തോക്കുകളെ വിജയിപ്പിക്കുക എന്നതു മാത്രമാണ് തങ്ങളുടെ കടമയെന്ന് ഇക്കാലമത്രയും തെറ്റിദ്ധരിച്ചിരുന്ന മാര്‍ക്സിസ്റണികള്‍ പകയോടെ പ്രതികരിച്ചതാണ് ഈ തിരഞ്ഞെടുപ്പിന്റെ ബാക്കി പത്രം.

തിരഞ്ഞെടുപ്പില്‍ പട നയിച്ച് ആന്‍റണി ആദ്യമായി സിംഹാസനമേറിയ വര്‍ഷമെന്ന നിലയിലും 2001ന് പ്രസക്തിയുണ്ട്. ഏറെ മാറാനുള്ള കേരളീയ മനശാസ്ത്രത്തെ വികസനത്തിനനുകൂലമായി മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന ഭാരിച്ച ദൗത്യമാണ് അദ്ദേഹത്തിന് നിര്‍വഹിക്കാനുള്ളത്. വാര്‍ത്തകളില്‍ എന്നും നായകനാകാന്‍ ഇതുവരെ കെട്ടിയാടിയ ഗിമ്മിക്കുകള്‍ മാറ്റി വച്ച് ഉരുക്കു മനസുളള ഭരണാധിപനാകാന്‍ ആന്റണിക്കു കഴിയുമോ എന്നാണ് കണ്ടറിയേണ്ടത്... കൂടുതല്‍

കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിFinancial crunch
കേരളീയര്‍ ആദ്യമായൊരു ധവളപത്രം കണ്ടത് 2001ലാണ്. അന്നു തൊട്ടു തുടങ്ങിയ കാശില്ലെന്ന മുറവിളി ഇനിയും നിലച്ചിട്ടുമില്ല. ചെലവു ചുരുക്കാനുളള ആഹ്വാനങ്ങള്‍ ടൈംടേബിള്‍ പ്രകാരം മുന്നേറുമ്പോഴും ആസ്ത്രേലിയയില്‍ നിന്നും ആടിനെ വാങ്ങലും മന്ത്രിമാരുടെ ആഡ ംബരവും മുറയ്ക്കു നടക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യത്തിലുമേറെയാണെന്നു പരിതപിക്കുമ്പോഴും ഐഎഎസുകാരെ ഇഷ്ടംപോലെ കുത്തി നിറയ്ക്കുന്നു. ഉദ്യോഗസ്ഥര്‍ കാറും ഫോണും തോന്നുംപടി ഉപയോഗിക്കുമ്പോഴും വഴുവഴുപ്പന്‍ ന്യായങ്ങള്‍ പറഞ്ഞ് ഭരണനേതൃത്വം അവര്‍ക്ക് പച്ചക്കൊടി കാട്ടുന്നു. ഇരട്ടത്താപ്പും കുറ്റം പറച്ചിലുമല്ലാതെ ഭരണം നടക്കുന്നില്ലെന്ന് മുന്നണിക്കകത്തു തന്നെ മുറുമുറുപ്പ്... കൂടുതല്‍

ഭീതിയുടെ ഡിസംബര്‍
ഡിസംബര്‍ ആറ് ഇക്കുറി കേരളത്തിന് ഭീതിയും ഒപ്പം അപമാനവും സമ്മാനിച്ചു. കൊട്ടിഘോഷിക്കപ്പെട്ട മതസൗഹാര്‍ദ്ദം തകര്‍ന്നു വീണു. അഴിഞ്ഞാടിയ അക്രമികളെ തളയ്ക്കാനാവാതെ പൊലീസ് നോക്കുകുത്തിയായി. അയ്യപ്പഭക്തന്‍മാരെയും ആക്രമിച്ച് വര്‍ഗീയവാദികള്‍ പത്തനംതിട്ടയിലും മറ്റും നിയമം കയ്യിലെടുത്തു. കേരളത്തിന്റെ മുഖം മാറുകയാണ്. ഇരുളില്‍ നിന്നും വെളിച്ചത്തു വന്ന വിഷജീവികള്‍ സമാധാനം കെടുത്തിക്കഴിഞ്ഞു.

ഒരു വര്‍ഷത്തിന്റെ കണക്കെടുപ്പില്‍ നേട്ടങ്ങളായി നിരത്താന്‍ ഏറെയൊന്നുമില്ല. ആശ വറ്റിയ കേരളീയന്റെ കണ്ണുകളില്‍ തെളിയുന്നത് ഭാവിയുടെ ഭീകരമായ മുഖം. അതിജീവനത്തിന്റെ പുതിയ മേഖലകള്‍ പുതുവര്‍ഷത്തില്‍ തുണയ്ക്കെത്തുമോ?......... കൂടുതല്‍

കടലുണ്ടി ദുരന്തംTrain Accident
കടലുണ്ടി ദുരന്തമായിരുന്നു കേരളത്തെ നടുക്കിയ മറ്റൊരു ദുരന്തം. റെയില്‍വേയുടെ അവഗണനയും കണ്ടം വയ്ക്കാറായ വണ്ടികളുടെ ശാപവും പാളത്തിന്റെ ദുരവസ്ഥയും ഒത്തു ചേര്‍ന്നപ്പോള്‍ കടലുണ്ടിയില്‍ നിരപരാധികളെ മരണം മാലയിട്ട് കൂട്ടിക്കൊണ്ടു പോയി. സ്ഥിരം പല്ലവികളും പ്രഖ്യാപനങ്ങളും വായുവില്‍ പറന്നു കളിച്ചു. ദുരന്തങ്ങളില്‍ അപായം സംഭവിക്കുമ്പോള്‍ മാത്രം ബോധവാന്മാരാകുന്ന അധികാരികള്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനങ്ങള്‍ നല്‍കി. ഏറ്റവും ശ്രദ്ധേയം നാട്ടുകാരില്‍ ചിലരുടെ പ്രകടനങ്ങളായിരുന്നു. അഴുകിത്തുടങ്ങിയ ജഡങ്ങളില്‍ അവശേഷിച്ച ആഭരണവും പണവും കൈക്കലാക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മറവിലെത്തിയവര്‍ ഉത്സാഹിച്ചു... കൂടുതല്‍

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ബോംബ്
എഞ്ചിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഐഎഎസും വിദ്യാഭ്യാസമന്ത്രിയുമായി നടന്ന ഏറ്റുമുട്ടലും ഭൂകമ്പം സൃഷ്ടിച്ചു. ചിലതൊക്കെ നടക്കുമെന്നു തന്നെ പലരും കരുതി. കണ്ണന്താനത്തെ മൂലയ്ക്കു തട്ടി ആന്റണി പ്രശ്നം പരിഹരിച്ചു. ബോംബ്, തിരി പോലും കത്താത്ത പടക്കമായി. രേഖ ചോര്‍ന്നതെങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ മന്ത്രിസഭ ചുമതലപ്പെടുത്തിയ വിജിലന്‍സുകാര്‍, തങ്ങളെക്കൊണ്ടാവില്ലെന്നു പറഞ്ഞ് അന്വേഷണം മതിയാക്കി... കൂടുതല്‍

മുല്ലപ്പെരിയാര്‍ പ്രശ്നംMullapperiyar Dam
മുല്ലപ്പെരിയാറാണ് വരും വര്‍ഷത്തിലും തിളയ്ക്കാന്‍ പോകുന്ന ജനകീയപ്രശ്നം. കേരളത്തിന്റെ മൂന്നു ജില്ലകള്‍ വെളളത്തിനടിയിലായാലും ഡാമിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാടിന്റെ വാശി ഏതു തരത്തില്‍ പരിണമിക്കുമെന്ന് തലൈവിക്കു പോലും നിശ്ചയമില്ല. എളുപ്പം കത്തുന്ന മനസുമായി നടക്കുന്ന തമിഴന്റെ അതിവൈകാരികത ചൂഷണം ചെയ്യാന്‍ തെല്ലും അറപ്പില്ലാത്ത ദ്രാവിഡ രാഷ്ട്രീയക്കാര്‍ക്ക് ഇടുക്കിയിലെയും മറ്റും ജനങ്ങള്‍ പുഴുക്കളാണ്. കാരണം അവര്‍ക്ക് തമിഴ്നാട്ടില്‍ വോട്ടില്ല. നയതന്ത്രജ്ഞതയുടെ എല്ലാ പഴുതും ഉപയോഗിച്ച് അന്തര്‍സംസ്ഥാന സംഘര്‍ഷമാക്കാതെ പ്രശ്നം പരിഹരിക്കാന്‍ നമ്മുടെ സര്‍ക്കാരിനാവുമോ എന്ന് ഭീതിയോടെ ആലോചിക്കുന്നവര്‍ കുറവല്ല... കൂടുതല്‍

ആര്‍സിസിയിലെ മരുന്നുവിവാദംRCC
ആര്‍സിസിയിലെ മരുന്നു പരീക്ഷണ വിവാദം അമേരിക്ക വരെ വ്യാപിച്ചു. നിരോധിക്കപ്പെട്ട മരുന്നുകള്‍ പാവപ്പെട്ട രോഗികളില്‍ സമ്മതമില്ലാതെ പ്രയോഗിച്ചുവെന്നായിരുന്നു ആരോപണം. ഡോ.എം.കൃഷ്ണന്‍ നായരുടെ കൂട്ടുപ്രതി അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വÿകലാശാലയും. പരീക്ഷണം നിയമവിധേയമല്ലെന്ന് അമേരിക്ക വിധിയെഴുതിയിട്ടും കേരളാ മന്ത്രിസഭ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചു വരുന്നതേയുളളൂ. അമേരിക്കയ്ക്കു പോലും ഇനിയും പിടികിട്ടാത്ത ശേഷി പ്രസ്തുത മരുന്നിനുണ്ടെന്ന് മുനീറും കുട്ടപ്പനും വിധിയെഴുതിയാലും അതിശയിക്കേണ്ട... കൂടുതല്‍

വര്‍ണ്ണമഴ
വര്‍ണ്ണമഴയ്കും കിട്ടി, മോശമല്ലാത്ത വാര്‍ത്താ പ്രാധാന്യം. പലനിറങ്ങളില്‍ പെയ്ത മഴ ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കിയത് സ്വാഭാവികം. ആല്‍ഗയുടെ സാന്നിദ്ധ്യമാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് ശാസ്ത്രലോകം. പക്ഷേ അന്തരീക്ഷത്തില്‍ ഇത്രയും ആല്‍ഗകള്‍ എങ്ങനെയെത്തിയെന്നതിന് അവര്‍ക്കുമില്ല ഉത്തരം... കൂടുതല്‍

ആദിവാസി സമരംC. K. Janu
സി.കെ.ജാനുവെന്ന ആദിവാസി നേതാവ് കരുത്താര്‍ജിച്ചതും പോയ വര്‍ഷത്തിലാണ്. ഇരുമുന്നണികള്‍ക്കും ജാനു ഒരു ശല്യമായി മാറി. വോട്ടു ബാങ്കിനപ്പുറം ആദിവാസി സമൂഹത്തെ കാണാന്‍ തയ്യാറാകാത്ത രാഷ്ട്രീയ നേതൃത്വം ജാനുവിന്റെ സംഘടനാ പാടവത്തിനു മുന്നില്‍ ശരിക്കും ചൂളി. ഇരുത്തം വന്ന ജനനേതാവിന്റെ കര്‍മ്മശേഷി പലപ്പോഴും പ്രകടിപ്പിച്ച അവര്‍ ആദിവാസിപ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രഭാവലയത്തിലേക്കു കൊണ്ടുവന്നു. ഇങ്ങനെയും ചിലരുണ്ടെന്നും അവര്‍ക്ക് പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങളുണ്ടെന്നും സമൂഹത്തെ ഓര്‍മ്മപ്പെടുത്തിയതിനു പുറമേ വിലപേശാന്‍ തങ്ങളും മോശമല്ലെന്ന് തെളിയിക്കുക കൂടി ചെയ്തു. വരും വര്‍ഷങ്ങളില്‍ ആദിവാസികള്‍ക്കിടയില്‍ വല്യേട്ടന്‍ കളിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല... കൂടുതല്‍

അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍
അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍ സൃഷ്ടിച്ച നടുക്കം ഇനിയും വിട്ടുമാറിയില്ല. ആസൂത്രണരഹിത വികസനത്തിന്റെയും ലക്കില്ലാത്ത ചൂഷണത്തിന്റെയും ക്രൂരമായ പ്രതിഫലമാണ് പ്രകൃതി ദുരന്തങ്ങള്‍. പക്ഷേ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ എന്നും മടികാണിക്കുന്ന മനുഷ്യന്‍ ഈ മുന്നറിയിപ്പും അവഗണിക്കും... കൂടുതല്‍

ലോകം 2001      ഇന്ത്യ 2001      കായികം 2001      മലയാള സിനിമ 2001      


clear
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India